Wayanad.net

കൽപ്പറ്റയുടെ ചരിത്രം

കൽപ്പറ്റയുടെ ചരിത്രം അറിയാത്തവർക്കായ്‌
—————
എ.ഡി. 930 വരെ മൈസൂറിലെ ഗംന്‍ഗാ വംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ പ്രദേശം. പിന്നീട് ഹോയ്സലാ വംശത്തിന്റെ കീഴിലായി. അതിനുശേഷം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലും തുടര്‍ന്ന് മൈസൂര്‍ ഓഡയാര്‍ വംശത്തിന്റെ ആധിപത്യത്തിലുമായി. രാജവംശത്തിന്റെ കീഴിലായിരുന്ന കല്‍പ്പറ്റയുടെ ചരിത്രമാണ് പിന്നീടങ്ങോട്ട് കാണുന്നത്. പഴശ്ശി രാജവംശത്തിന്റെ പ്രതിനിധിയായി ഭരണം നടത്തിയിരുന്നത് കല്‍പ്പറ്റ നായരായിരുന്നു. മൈസൂര്‍ സുല്‍ത്താന്‍മാരുടെ പടയോട്ടത്തിന്റെ ഫലമായി കല്‍പ്പറ്റ മലബാറില്‍ നിന്നും മാറി ശ്രീരംഗപട്ടണത്തിന്റെ ഭാഗമായി. ടിപ്പുവിന്റെ മരണം വരെ കല്‍പ്പറ്റ മൈസൂറിന്റെ ഭാഗമായി തുടര്‍ന്നു. പഴശ്ശി രാജാവ് മരണപ്പെട്ടതോടെ വയനാട് ബ്രിട്ടീഷുകാരുടെ കീഴിലായി. വയനാടിന്റെ കൂടെ കല്‍പ്പറ്റയും ബ്രിട്ടണ്‍ കീഴടക്കുകയുണ്ടായി.

കാവേരി നദീതടങ്ങളില്‍ നിന്നും ജൈനമതക്കാര്‍ കൂട്ടത്തോടെ കല്‍പ്പറ്റയിലെത്തുകയും അവര്‍ കരിമ്പ് കൃഷി ചെയ്ത് അത് ഉപയോഗിച്ച് ശര്‍ക്കര ഉണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ ജൈനമതത്തിലെ തന്നെ ഗൌഡര്‍മാരുടെ ആധിപത്യത്തിലായി. കോട്ടയം രാജഭരണത്തിന്റെ ഭാഗമായി 500 വര്‍ഷം മുമ്പ് നായന്‍മാര്‍ കല്‍പ്പറ്റയിലെത്തുകയുണ്ടായി. പിന്നീട് ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ നായര്‍ തറവാട്ടുകാര്‍ ഭരണം നടത്തുവാന്‍ തുടങ്ങി. നായന്‍മാര്‍ക്കു പിറകെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബ്രഹ്മണരും കച്ചവടക്കാരായും, തോട്ടം തൊഴിലാളികളായും മുസ്ളീങ്ങളും കല്‍പ്പറ്റയിലെത്തി.

20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ കല്‍പ്പറ്റ ചാലിപ്പുഴയായിരുന്നു. ഇന്നത്തെ ഇരുമ്പു പാലം പുഴയായിരുന്നു അന്നത്തെ ചാലിപ്പുഴ. ഇരുമ്പുപാലം പുഴയുടെ തീരങ്ങളില്‍ കൂട്ടമായി താമസിച്ച ചാലിയന്‍മാര്‍ തുണിനെയ്തിരുന്നു. അതിനാലാണത്രെ ചാലിപ്പുഴ എന്ന പേര് വന്നത്.

കല്‍ പ്പേട്ട എന്ന പദം ലോപിച്ചാണ് കല്‍പ്പറ്റ എന്ന വാക്കുകണ്ടായത്. കര്‍ണ്ണാടകയില്‍ നിന്നും വന്ന ജൈനന്‍മാരാണ് കല്‍ പ്പേട്ട എന്ന് നാമകരണം ചെയ്തത്. കല്ലിന്റെ സങ്കേതം എന്നാണ് കല്‍പ്പേട്ടയുടെ കന്നടയിലെ അര്‍ത്ഥം.

സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ ആദ്യമായി തുടങ്ങിയത് കല്‍പ്പറ്റയിലായിരുന്നു. 1921-ല്‍ ധര്‍മ്മരാജയ്യരുടെ നേതൃത്വത്തില്‍ കെ.പി. കേശവമേനോന്‍ പങ്കെടുത്ത് വണ്ടിപ്പേട്ടയില്‍ നടന്ന യോഗമാണ് കല്‍പ്പറ്റയിലെ ആദ്യത്തെ രാഷ്ട്രീയ യോഗം. ഇക്കാലത്തു തന്നെയാണ് വയനാട്ടില്‍ ആദ്യമായി കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തില്‍ വിശദീകരണം നടത്തിയത് എ.കെ.ജി.യായിരുന്നു, ജില്ലയില്‍ ആദ്യമായി ഖദര്‍ എത്തിയതും കല്‍പ്പറ്റയിലാണ്.

1934 ജനുവരി 14 ന് സുബ്ബയ്യ ഗൌഡ ഹരിജനോദ്ധാരണത്തിന് സംഭാവന നല്‍കിയ വന്‍തുക ഏറ്റു വാങ്ങുന്നതിനും ഹരിജനോദ്ധാരണ കേന്ദ്രം ആരംഭിക്കുന്നതിലേക്കുമായി ഗാന്ധിജി കല്‍പ്പറ്റയില്‍ വന്നിരുന്നു. ഗാന്ധിജിയോടൊപ്പം കെ. കേളപ്പന്‍, ദേശബന്ധു, ശ്യാംജി സുന്ദര്‍ദാസ്, കെ. മാധവ മേനോന്‍, യു. ഗോപാലമേനോന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. 1940-41 ല്‍ ഇ.കെ. ശേഖരന്‍ നായരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ വ്യക്തി സത്യാഗ്രഹം സംഘടിപ്പിക്കപ്പെടുകയും ചെയ്തു.

കല്‍പ്പറ്റ പ്രദേശത്ത് ആദ്യമായി സ്കൂള്‍ സ്ഥാപിതമായത് 1916 ലായിരുന്നു. കല്‍പ്പറ്റ എല്‍.പി. സ്ക്കൂള്‍ എന്നായിരുന്നു ഇതിന്റെ പേര്. രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ചരമ വാര്‍ഷികമായ 1941 ല്‍ ആരംഭിച്ച ടാഗോര്‍ മെമ്മോറിയല്‍ ആണ് കല്‍പ്പറ്റയിലെ ആദ്യത്തെ ഗ്രന്ഥശാല. സാംസ്കാരിക പ്രവര്‍ത്തകര്‍ നാലണ പിരിവിലൂടെ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് കോസ്മോ പൊളിറ്റന്‍ ക്ളബ്ബിലേക്ക് മാറുകയും 1952 ല്‍ പഞ്ചായത്തിനു കൈമാറുകയും ചെയ്തു.

ആദ്യകാലങ്ങളില്‍ കരിമ്പും, കാപ്പി കൃഷിയും തുടര്‍ന്ന് കുരുമുളകും വ്യാവസായികാടിസ്ഥാനത്തില്‍ ഇവിടെ കൃഷി ചെയ്ത് വിപണനം നടത്തി വന്നിരുന്നു. ഇപ്പോള്‍ കൃഷി, നെല്ല്, വാഴ, കുരുമുളക്, ഇഞ്ചി, ഏലം എന്നിവ ഇവിടെ നിന്നും വന്‍തോതില്‍ കൃഷി ചെയ്ത് വ്യാപാരം നടത്തി വരുന്നു. രണ്ടു നൂറ്റാണ്ടു പഴക്കമുള്ള കല്‍പ്പറ്റ ചന്ത മലബാറിലെ തന്നെ ഓന്നാംകിട വ്യാപാര കേന്ദ്രമായിരുന്നു. കല്‍പ്പറ്റിയിലെ ഇരുമ്പുപാലം പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇരുമ്പുപാലം ഈ പ്രദേശത്തെ ഗതാഗത ചരിത്രത്തില്‍ പ്രധാന പങ്കു വഹിച്ച ഒന്നാണ്.

1921 ലാണ് കല്‍പ്പറ്റയില്‍ ആദ്യമായി ബസ് എത്തിയത്. അതുവരെ കാളവണ്ടികളും, കാല്‍നടയുമായിരുന്നു സഞ്ചാര രീതി. മൈസൂരില്‍ നിന്നും 1500 ലേറെ കാളവണ്ടികള്‍ കല്‍പ്പറ്റ ചന്തയില്‍ വന്നുപോയിരുന്നു. ഇവരായിരുന്നു വ്യാപര രംഗത്തെ മുഖ്യമായും നിയന്ത്രിച്ചിരുന്നത്.


കടപ്പാട്….
ഫേസ് ബുക്

Leave a Reply

Your email address will not be published. Required fields are marked *

⋮ Menu
× Close

You were not leaving your cart just like that, right?

Just enter your mobile number below to save your shopping cart for later. And, who knows, maybe we will even send you a sweet discount code :)